തിരുവനന്തപുരം: മുനമ്പം വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ രംഗത്തെത്തി. രജിസ്ട്രേഷൻ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനായിരുന്നുവെന്നും, ഉടമസ്ഥാവകാശത്തിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന 500-ലധികം ഭൂമികളും സമാനമായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നിയമപരമായ ബാധ്യത പ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മെയ് 17-നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്ത് ഉൾപ്പെടെ ഏകദേശം 9000 വഖഫ് ഭൂമികൾ ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വഖഫ് ബോർഡ് അറിയിച്ചു. രജിസ്റ്റർ ചെയ്താലും അന്തിമ ഉടമസ്ഥാവകാശം കോടതിയുടെ വിധിന്യായത്തിനനുസരിച്ചായിരിക്കുമെന്ന് ബോർഡ് ആവർത്തിച്ചു.
അതേസമയം, മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന ആവശ്യം സമരസമിതി ശക്തമാക്കി. നിയമപ്രശ്നങ്ങൾ തുടരുന്നതിനിടെ ഭൂമി രജിസ്റ്റർ ചെയ്തത് പുതിയ നിയമ കുരുക്കാണെന്നും അവർ ആരോപിക്കുന്നു.
കേന്ദ്ര വഖഫ് നിയമഭേദഗതിക്ക് പിന്നാലെ ഉമീദ് പോർട്ടലിൽ വഖഫ് ഭൂമികൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടായതും, വിഷയത്തിൽ രാഷ്ട്രീയ-നിയമ വിവാദങ്ങൾ തുടരുന്നതും ശ്രദ്ധേയമാണ്.






