ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ഇരവുകാട് വാർഡിൽ താമസിക്കുന്ന ഷിജു (49) ആണ് പിടിയിലായത്. മുൻപും സമാന കേസിൽ പ്രതിയായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വിൽപന തുടർന്നതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 26ന് ഇരവുകാട് സ്വദേശിനിയായ യുവതി വീട്ടിലെ ശുചിമുറിയിൽ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ കവർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ വിദ്യാർഥിയായ മകനോട് ചോദിച്ചപ്പോൾ, കൂട്ടുകാരന്റെ പിതാവായ ഷിജുവാണ് ഇത് നൽകിയതെന്ന് വ്യക്തമായി. ഇതിനെ തുടർന്ന് യുവതി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഷിജുവിന്റെ കടയിൽ പരിശോധന നടത്തി. തിരുവമ്പാടി കള്ളുഷാപ്പിന് സമീപമുള്ള പെട്ടിക്കടയിൽ നിന്ന് രഹസ്യമായി സൂക്ഷിച്ചിരുന്ന നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




