തിരുവനന്തപുരം: ബാലരാമപുരത്ത് നിന്ന് വൻ ആയുധ ശേഖരം പിടികൂടി. തേമ്പാമുട്ടം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ പായ കൊണ്ട് മൂടിയിരുന്ന ചാക്ക് കെട്ടുകളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആറു വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
നാല് മാസം മുൻപ് ഇതേ സ്ഥലത്ത് അക്രമം നടന്നിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് പ്രത്യേക നിരീക്ഷണം ശക്തമാക്കിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. വാട്ടർ ടാങ്ക് പരിസരം കേന്ദ്രീകരിച്ച് അക്രമി സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.




