സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. മൂടക്കൊല്ലിയിലെ 80 വയസ്സുകാരിയായ കൈതവേലിൽ തങ്കമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നിരുന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ പിടിച്ച് ദൂരേക്ക് എറിയുകയായിരുന്നു. വാരിയെല്ലുകൾക്ക് പരിക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേനൽക്കാലം കടുത്തതോടെ വയനാട്ടിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് കൂടുതലായിരിക്കുകയാണ്. മുട്ടിവടക്കനാട്-വള്ളുവാടി പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് നിലനിൽക്കുന്നത്. പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്ന “മുട്ടിക്കൊമ്പൻ” എന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ ഇപ്പോഴും വിജയിച്ചിട്ടില്ല. മയക്കുവെടിവച്ച് പിടികൂടാൻ ശ്രമിച്ച ദൗത്യസംഘത്തെയും ആന ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. സംഘം ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
ഈ ആന കഴിഞ്ഞ ആറുവർഷമായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതായാണ് വിവരം. ഗ്രാമസഭയിൽ ആനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി വനംവകുപ്പിന് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനിടെ, യുവ കർഷകനായ രജീവ് (37) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും പ്രദേശത്ത് ആശങ്ക വർധിപ്പിച്ചു. കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ കർഷകരുടെ കൃഷിയും കാട്ടാനകൾ നശിപ്പിക്കുന്നതായി പരാതി ഉയരുന്നു. കാട്ടാന ശല്യം വർധിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.






