ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ ജയവുമായി റോയല് ചലഞ്ചേഴ്‌സ് ബെംഗളൂരു. 38 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ വിജയശില്‍പ്പി. പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ത്തിയിരിക്കുകയാണ് ചേസ് മാസ്റ്റര്‍.
ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കിംഗ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ 64-ാം അര്‍ധസെഞ്ച്വറിയാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കോഹ്ലി പൂര്‍ത്തിയാക്കിയത്.
ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കോഹ്ലിപ്പട മറികടക്കുകയായിരുന്നു. പുറത്താകാതെ 38 പന്തില്‍ 69 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 61 റണ്‍സ് നേടിയാണ് ദേവ്ദത്ത് പടിക്കല്‍ മടങ്ങിയത്.




