കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി യുവതികൾ ഉൾപ്പെടെ എട്ട് പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ, റെസ്റ്റോറന്റ് ഉടമ, അഭിഭാഷകൻ, ബിസിനസുകാരൻ, ന്യൂട്രിഷൻ വിദഗ്ധൻ, ദന്തഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, എവിയേഷൻ വിദ്യാർത്ഥിനി എന്നിവരുണ്ട്.
ഇവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ, മെത്താംഫിറ്റമിൻ, എക്സ്റ്റസി ഗുളികകൾ എന്നിവ കണ്ടെത്തി. ഇവന്റ് മാനേജ്മെന്റിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഷാജി ഫെർണാണ്ടോ എന്ന് പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാലിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം ഡി.ജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്.




