മലപ്പുറം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടർഭരണം ഗിമ്മിക്കുകളുടെ ഫലമല്ലെന്നും, ജനക്ഷേമവും വികസനവും ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമ്പത്തിക മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സംസ്ഥാനത്ത് ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും, വ്യക്തമായ നയങ്ങളും രാഷ്ട്രീയ നിലപാടുകളും ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതിലൂടെ സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേരളം അതിദാരിദ്ര്യ മുക്തമായത് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയ സംഭവമാണെന്നും, നികുതി വരുമാനത്തിലും മൊത്തം ആഭ്യന്തര ഉത്പാദനത്തിലും വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വികസിച്ചുവരുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ കേരളം ഇടംപിടിച്ചതായും, ജനജീവിത നിലവാരം ഉയർത്തുന്നതിൽ സർക്കാർ എടുത്ത നടപടികൾ നിർണായകമായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷമായ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതകളിൽ ആധാരമില്ലാത്തതാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങൾ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നവരായതിനാൽ ഇത്തരം പ്രചാരണങ്ങൾ ഫലപ്രദമാകില്ലെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.




