സജിൽ മമ്പാട് സംവിധാനം ചെയ്ത ‘ഡെർബി’ എന്ന ചിത്രം മലയാളത്തിലെ ക്യാമ്പസ് സിനിമകൾക്ക് പുത്തൻ ഊർജ്ജവും ആവേശവും പകരുകയാണ്. എം.ഇ.എസ് മമ്പാട് കോളേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മലബാറിലെ കലാലയ ജീവിതത്തെ അതിന്റെ എല്ലാ തനിമയോടും സ്പിരിറ്റോടും കൂടിയാണ് ഒപ്പിയെടുത്തിരിക്കുന്നത്. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയേറ്ററിലെത്തുന്ന പ്രേക്ഷകർക്ക് തികച്ചും സംതൃപ്തി നൽകുന്ന ഒന്നാന്തരം വിരുന്നാണ് ഈ സിനിമ സമ്മാനിക്കുന്നത്. സിനിമയുടെ ഓരോ ഫ്രെയിമിലും മമ്പാടിന്റെ ആ മണ്ണും അവിടുത്തെ വിദ്യാർത്ഥികളുടെ ആവേശവും നിറഞ്ഞുനിൽക്കുന്നുണ്ട്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മമ്പാട് കോളേജിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ കഥയിലാണ് സിനിമയുടെ തുടക്കം. ക്യാമ്പസുകളിൽ സാധാരണ കണ്ടുവരുന്ന ഒന്നാം വർഷക്കാരും രണ്ടാം വർഷക്കാരും തമ്മിലുള്ള ഈഗോയും തർക്കങ്ങളും പിന്നീട് വലിയ സംഘർഷങ്ങളിലേക്കും വൈകാരിക മുഹൂർത്തങ്ങളിലേക്കും വഴിമാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ആദം സാബിക് മുതൽ നസീർ ചിക്കു വരെയുള്ള എല്ലാ താരങ്ങളും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അൽ അമീന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്; കോമഡി രംഗങ്ങളിലും ആക്ഷനിലും ഒരു കിടിലൻ ആറ്റിറ്റ്യൂഡ് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ, സാഗർ സൂര്യയുടെ വില്ലൻ വേഷം സിനിമയുടെ ഗതിയെ തന്നെ സ്വാധീനിക്കുന്ന ഒന്നാണ്. ‘പണി’ എന്ന ചിത്രത്തിലെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ, എന്നാൽ അതിനേക്കാൾ മികച്ച ആറ്റിറ്റ്യൂഡുള്ള ഒരു നെഗറ്റീവ് റോളാണ് സാഗർ ഇതിൽ ചെയ്തുവെച്ചിരിക്കുന്നത്. ഡോൺ സെബാസ്റ്റ്യന്റെ ആ ഒരു വന്യമായ ശൈലിയിൽ നിന്നും മാറി, മറ്റൊരു മൂഡിലുള്ള വില്ലനിസമാണ് സാഗർ സൂര്യ ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ നോട്ടത്തിലും ശരീരഭാഷയിലും ആ വില്ലനിസം പക്കാ ആറ്റിറ്റ്യൂഡിൽ പ്രതിഫലിക്കുന്നുണ്ട്.
സിനിമയുടെ ആവേശം ചോർന്നുപോകാതെ നിലനിർത്തുന്നതിൽ സംഗീത സംവിധായകൻ ഗോപി സുന്ദർ വഹിച്ച പങ്ക് വളരെ വലുതാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയൊരു മുതൽക്കൂട്ടാണ്. ആക്ഷൻ രംഗങ്ങളിലും വൈകാരിക നിമിഷങ്ങളിലും കൃത്യമായ ഇംപാക്ട് നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാസ്സ് സീനുകളിൽ ഗോപി സുന്ദറിന്റെ ബിജിഎം തിയേറ്ററുകളിൽ വലിയൊരു ഓളം തന്നെ സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തിന് മമ്പാട് കോളേജിന്റെ വൈബിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ മറ്റൊരു കരുത്ത് അതിലെ ഫൈറ്റ് സീനുകളാണ്. വളരെ സ്വാഭാവികവും അതേസമയം പ്രേക്ഷകനെ ആവേശഭരിതനാക്കുന്നതുമായ രീതിയിലാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. മമ്പാട് കോളേജിന്റെ ഭംഗിയും ക്യാമ്പസ് സ്പിരിറ്റും ഒട്ടും ചോർന്നുപോകാതെ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മുസ്തുവിന്റെ ജീവൻമരണ പോരാട്ടം മുതൽ സൗഹൃദത്തിന്റെ ആഴം പറയുന്ന നിമിഷങ്ങൾ വരെ സിനിമയെ ആസ്വാദനത്തിന്റെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു. സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്ന ഈ ചിത്രം, പഴയകാല ക്യാമ്പസ് ഓർമ്മകൾ പുതുക്കാനും പുതിയ കാലത്തെ ക്യാമ്പസ് വൈബ് അനുഭവിക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അനുഭവം തന്നെയായിരിക്കും. വെറുമൊരു മസാല പടം എന്നതിലുപരി, മലബാറിലെ യുവാക്കളുടെ ജീവിതവും അവരുടെ വികാരങ്ങളും സത്യസന്ധമായി ആവിഷ്കരിക്കാൻ ‘ഡെർബി’ക്ക് കഴിഞ്ഞിട്ടുണ്ട്.
സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ നിൽക്കുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങളും അവർ തമ്മിലുള്ള ആത്മബന്ധവുമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ക്യാമ്പസ് ആക്ഷൻ സിനിമകളെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒന്നാണ് സജിൽ മമ്പാടിന്റെ ‘ഡെർബി’. മലബാറിലെ ആവേശവും ക്യാമ്പസ് സംഘർഷങ്ങളും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ പുതിയൊരു പരീക്ഷണമാണ്. ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വം നൽകാൻ തിരക്കഥാകൃത്തും സംവിധായകനും കാണിച്ച ശ്രദ്ധ അഭിനന്ദനാർഹമാണ്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ‘ഡെർബി’ തീർച്ചയായും ഒരു മികച്ച കാഴ്ചയായിരിക്കും.




