ടെഹ്റാൻ: പാശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ശ്രമിച്ച ‘ഇസ്ലാമാബാദ് ഇനിഷ്യേറ്റീവ്’ ഫലം കാണാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താൻ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾക്ക് ഇറാൻ സമ്മതിച്ചുവെന്നാണ് വിവരം. ഇതോടെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലോ ആക്രമണ ഇടവേളയോ ഉണ്ടാകാനുള്ള സാധ്യത ഉയരുകയാണ്.
ഇസ്ലാമാബാദിൽ മാർച്ച് 29, 30 തീയതികളിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കൾ പങ്കെടുക്കും. അമേരിക്കയുമായി ചർച്ചയിൽ ഇറാൻ ഏർപ്പെടുത്തിയ അഞ്ചു പ്രധാന നിബന്ധനകളിൽ പ്രധാനമാണ്: ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ ഉടൻ നിർത്തണം, ഭാവിയിൽ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടികൾ നടത്തില്ലെന്ന് ഉറപ്പുനൽകണം.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇറാൻ പ്രസിഡന്റുമായ മസൂദ് പെസെഷ്കിയനുമായി ടെലിഫോൺ വഴി വിശദമായി ചര്ച്ച നടത്തി. പാകിസ്താൻ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും ഇറാൻ വിദേശകാര്യ മന്ത്രിയുമായ അബ്ബാസ് അരാഘ്ചിയുമായി ചർച്ചകൾ നടത്തി.
നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ചകളിൽ ഇറാന്റെ നിബന്ധനകളും മധ്യസ്ഥതയ്ക്ക് ആവശ്യമായ റോഡ്മാപ്പും പ്രധാന വിഷയമാകും. ഇത് അംഗീകരിച്ചാൽ ഉടൻ തന്നെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാവുന്നതാണ്. ഇസ്ലാമാബാദ് ചർച്ചകളുടെ ഫലപ്രകാരം മാർച്ച് 31നും ഏപ്രിൽ 7നും ഇടയിൽ നിർണ്ണായക നയതന്ത്ര വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇറാന്റെ അടിസ്ഥാന ആശങ്കകൾ പരിഹരിക്കപ്പെട്ടാൽ പ്രദേശത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും വിലയിരുത്തുന്നു.




