പാലക്കാട്: നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് എതിരായ പീഡന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഗുരുതര വെളിപ്പെടുത്തൽ നടത്തി ഇരയായ യുവതി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയെന്നും ഷാഫിയെ വീഡികോൾ ചെയ്ത് തന്നെ കാണിച്ചെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ കയ്യിലുള്ള എല്ലാ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്.
തനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ചോദിക്കാൻ ആരും വരില്ല. ഇപ്പോഴും പേടിയാണ്. പരാതി കൊടുത്തശേഷം പ്രശോഭ് ഫോൺ ഓഫാക്കിയെന്നും അവർ പറഞ്ഞു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ബലാത്സംഗം, പട്ടികജാതി വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗിക പീഡനക്കേസുകൾ നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് പ്രശോഭ്.
ജോലി വാഗ്ദാനം നൽകി പ്രശോഭ് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പാലക്കാട്ടെത്തിയ താനുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നിൽക്കുന്ന ഫോട്ടോ ഇയാൾ കാണിച്ചു. പരാതി നൽകിയശേഷം പ്രശോഭ് ഫോൺ സ്വിച്ച് ഓഫ് ആക്കി.




