പ്യോംയാങ്: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തരകൊറിയ. പരമാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയിലാണ് പരീക്ഷണം. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവുമാണെന്ന് കുറ്റപ്പെടുത്തി കിം പാർലമെന്റിൽ പ്രസംഗിച്ചിരുന്നു. അതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നിരിക്കുന്നത്.
കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുതിയ എഞ്ചിന് 2,500 കിലോ ടൺ വരെ തള്ളൽ (Thrust) നൽകാൻ ശേഷിയുണ്ട്. സെപ്റ്റംബറിൽ നടത്തിയ പരീക്ഷണത്തിൽ ഇത് 1,971 കിലോ ടൺ ആയിരുന്നു. എഞ്ചിന്റെ കരുത്ത് വർധിപ്പിക്കുന്നതിലൂടെ ഒരേ മിസൈലിൽ ഒന്നിലധികം യുദ്ധമുനകൾ ഘടിപ്പിക്കാൻ സാധിക്കും. ഇത് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാൻ സഹായകരമാകും.




