കൊച്ചി: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടിനെതിരെ സിപിഎം നേതാവ് എം. സ്വരാജ് രൂക്ഷ വിമർശനം നടത്തി. പിരിച്ച പണം എവിടെയാണെന്നും ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും എത്ര രൂപ ശേഖരിച്ചതാണെന്നും കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ രക്തം തേച്ച പണമാണ് ഇത് എന്നും, ആ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമാണ് സ്വരാജിന്റെ ആരോപണം.
വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ നിർമാണം ആരംഭിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയും സ്വരാജ് ചോദ്യം ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയാൻ തയ്യാറല്ലാത്ത നിലയിലേക്കാണ് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നതെന്നും, ഇത്തരത്തിൽ വിമർശിക്കേണ്ടി വന്നത് നിരാശാജനകമാണെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.




