കാലിഫോർണിയ: മേറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഈ അപ്‌ഡേറ്റിൽ പ്രധാനമായും ശ്രദ്ധേയമായത് ചാറ്റ് ട്രാൻസ്ഫർ സംവിധാനമാണ്. ഇനി ഐഒഎസ് മുതൽ ആണ്ട്രോയിഡ് വരെ, അതുപോലെ തിരിച്ചും, ചാറ്റുകൾ എളുപ്പത്തിൽ മാറ്റാൻ കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, കോൾ ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും ഇതോടെ മാറ്റാൻ സാധിക്കും.
സ്റ്റോറേജ് നിയന്ത്രണത്തിലും പുതുമകളുണ്ട്. ഓരോ ചാറ്റിലും മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷൻ ഉപയോഗിച്ച് വലിയ ഫയലുകൾ കണ്ടെത്തി നീക്കം ചെയ്യാം. ഇതിലൂടെ മുഴുവൻ ചാറ്റ് ഇല്ലാതാക്കാതെ ഫോൺ സ്റ്റോറേജ് ലാഭിക്കാം. കൂടാതെ, ഐഫോൺ ഉപയോക്താക്കൾക്ക് ഒരേ ഫോണിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനും ഇനി സാധിക്കും.
ഇത് മുമ്പ് ആൻഡ്രോയിഡിൽ മാത്രം ഉണ്ടായിരുന്ന സൗകര്യമാണ്. എഐ അടിസ്ഥാനത്തിലുള്ള ഫീച്ചറുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചാറ്റിനുള്ളിൽ തന്നെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും, അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്യാനും, പശ്ചാത്തലം മാറ്റാനും കഴിയും. കൂടാതെ, മെസേജുകൾക്ക് മറുപടി നിർദേശങ്ങളും ലഭിക്കും. ഈ ഫീച്ചറുകൾ ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാകും. അടുത്ത ഏതാനും ആഴ്ചകളിൽ എല്ലാവർക്കും ഇത് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.




