രാജഭരണകാലത്തിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്ന് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയ കഴക്കൂട്ടം മണ്ഡലം, ഇക്കുറി അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ അഗ്നിപരീക്ഷയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം തിരുവിതാംകൂർ രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനും ഭരണാധികാരികൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ചുമതലപ്പെട്ട ‘കഴകങ്ങളുടെ’ കൂട്ടമാണ് പിൽക്കാലത്ത് കഴക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന അതേ സ്വാധീനം ഇന്നും ഈ മണ്ഡലം നിലനിർത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും ഉയർത്തുന്ന രാഷ്ട്രീയ പ്രാധാന്യം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരാണ് കഴക്കൂട്ടം, കാരണം സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ച മണ്ഡലമെന്ന ഖ്യാതി ഇതിനുണ്ട്. 1977-ലെ ഉപതിരഞ്ഞെടുപ്പിൽ എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രിയായത് ഈ മണ്ണിൽ നിന്നായിരുന്നു. അന്നുതൊട്ടിന്നോളം രാഷ്ട്രീയ പരീക്ഷണങ്ങൾക്കും അട്ടിമറികൾക്കും സുരക്ഷിത താവളങ്ങൾക്കുമായി മുന്നണികൾ ഉറ്റുനോക്കുന്ന ഇടമായി കഴക്കൂട്ടം മാറി.
നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ, ഇടതുകോട്ട കാക്കാനിറങ്ങുന്ന സിറ്റിങ് എം.എൽ.എ കടകംപള്ളി സുരേന്ദ്രനും, നഷ്ടപ്രതാപം തിരിച്ചുപിടിക്കാനെത്തുന്ന യു.ഡി.എഫും, അട്ടിമറി വിജയം സ്വപ്നം കാണുന്ന എൻ.ഡി.എയും തമ്മിലുള്ള തീപാറുന്ന ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നത്. കോൺഗ്രസിന്റെ അപ്രമാദിത്വമുണ്ടായിരുന്ന മണ്ഡലത്തിൽ ആദ്യമായി വിള്ളൽ വീഴ്ത്തിയ ചരിത്രവുമായാണ് കടകംപള്ളി സുരേന്ദ്രൻ ഇത്തവണയും ജനവിധി തേടുന്നത്. 1996-ൽ കന്നിജയം നേടിയ അദ്ദേഹം, പിന്നീട് 2016-ലും 2021-ലും വിജയം ആവർത്തിച്ചു. പത്തു വർഷത്തെ തന്റെ വികസന പ്രവർത്തനങ്ങളും മണ്ഡലവുമായുള്ള വ്യക്തിപരമായ ബന്ധവും വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. “മറ്റാരുണ്ട് കടകംപള്ളിയല്ലാതെ” എന്ന പ്രചാരണ വാചകം ഉയർത്തി മണ്ഡലത്തിലുടനീളം അദ്ദേഹം സജീവമാണ്. എന്നാൽ, ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല സ്വർണ്ണക്കവർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷം അദ്ദേഹത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ആരോപണങ്ങളെ വികസന രാഷ്ട്രീയമുയർത്തി പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
മറുഭാഗത്ത്, കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർത്ഥി ടി. ശരത്ചന്ദ്ര പ്രസാദ് മണ്ഡലം തിരിച്ചുപിടിക്കാനായി സർവ്വസജ്ജനായി രംഗത്തുണ്ട്. കഴക്കൂട്ടത്തെ വോട്ടർമാർക്ക് ‘ശരത്തണ്ണൻ’ എന്ന പേരിൽ സുപരിചിതനായ അദ്ദേഹം, മണ്ഡലത്തിലെ ഓരോ വീടുകളുമായും പുലർത്തുന്ന ആത്മബന്ധമാണ് യു.ഡി.എഫിന്റെ പ്രധാന ആയുധം. വർഷങ്ങളോളം കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം ഇടക്കാലത്ത് കൈവിട്ടുപോയെങ്കിലും, രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് അവർ വിശ്വസിക്കുന്നു. ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സജീവമായി ഉയർത്തിക്കാട്ടിയാണ് ശരത്ചന്ദ്ര പ്രസാദിന്റെ പ്രചാരണം. വിശ്വാസ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്താൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെയും, സുപ്രീം കോടതി വിധിയുടെ മറവിൽ വിശ്വാസികളെ ദ്രോഹിച്ച സംസ്ഥാന സർക്കാരിനെയും അദ്ദേഹം ഒരേപോലെ കടന്നാക്രമിക്കുന്നു. വിശ്വാസികളുടെ വോട്ടുകൾ ഇക്കുറി യു.ഡി.എഫിന് അനുകൂലമായി മറിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
എന്നാൽ ഈ രണ്ട് മുന്നണികൾക്കും ഭീഷണിയുയർത്തി എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലായി ബി.ജെ.പി ഇവിടെ നടത്തുന്ന വളർച്ച അവിശ്വസനീയമാണ്. 2011-ൽ വെറും ഏഴായിരത്തോളം വോട്ടുകൾ മാത്രമുണ്ടായിരുന്ന മണ്ഡലത്തിൽ 2016-ൽ വി. മുരളീധരൻ തന്നെ മത്സരിച്ചപ്പോൾ വോട്ടുനില ഒറ്റയടിക്ക് നാൽപ്പതിനായിരം കടന്നു. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രൻ നടത്തിയ പോരാട്ടവും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.




