പാലക്കാട്: സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന് അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്ത് റാലിയിൽ പ്രസംഗിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരിപാടിയിലെ പ്രവർത്തകർ ഉടൻ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പ്രത്യേക പ്രശ്‌നം ഇല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദം ഉൾപ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും രേഖപ്പെടുത്തി. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ദേഹാസ്വാസ്ഥ്യം സംഭവിച്ചിരിക്കാമെന്നാണ് വിവരം.




