കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ തുടർനടപടികൾക്കായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെടാൻ സാധ്യത. അതേസമയം രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
തൊടുപുഴയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡിൽ എറണാകുളം സബ് ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. തുടർന്ന് കസ്റ്റഡി അപേക്ഷയിൽ വാദം നടക്കും. പരാതിയിൽ പറയുന്ന കാരവനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതുൾപ്പെടെ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കും. അറസ്റ്റ് സമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാൽ വിശദമായ ചോദ്യം ചെയ്യൽ നടത്താനായില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും.
കസ്റ്റഡി അപേക്ഷയിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ജാമ്യാപേക്ഷയിൽ വിധി ഉണ്ടാകുക. കസ്റ്റഡിക്ക് എതിർപ്പ് ഉയർത്താതെയാണ് പ്രതിഭാഗം ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ സാധ്യത.
ഇതിനിടെ, രഞ്ജിത്തിനു വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞു. ചിത്രത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്ന അദ്ദേഹം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് വിവാദമായതിനെ തുടർന്ന് ഈ തീരുമാനം എടുത്തതാണെന്ന് വ്യക്തമാക്കി. പുതിയ അഭിഭാഷകനാകും ഇന്ന് രഞ്ജിത്തിനു വേണ്ടി കോടതിയിൽ ഹാജരാകുക.
കഴിഞ്ഞ ജനുവരിയിൽ എറണാകുളത്തും കോട്ടയത്തുമായി നടന്ന സിനിമാ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് രഞ്ജിത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി യുവനടി പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ നടി കരഞ്ഞുകൊണ്ട് സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. എസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.




