ബെംഗളൂരു: സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയെന്നാരോപിച്ച് സലൂൺ ഉടമയെ ക്രൂരമായി മർദ്ദിച്ചു. ബെംഗളൂരു ആവലഹള്ളിയിലെ സ്കിൻ ഷൈൻ ഫാമിലി സലൂണിലാണ് സംഭവം.
ബ്യൂട്ടീഷ്യനായ സുഷമയോട് സലൂൺ ഉടമ മോഹൻ കുമാർ പ്രണയാഭ്യർത്ഥന നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇത് സുഷമ നിരസിച്ചതിനെ തുടർന്ന് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ പ്രശ്നങ്ങൾ രൂക്ഷമായി. തുടർന്ന് സുഷമയുടെ ഭർത്താവും കൂട്ടരും സലൂണിലെത്തി മോഹൻ കുമാറിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനം തടയാൻ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയെയും ആക്രമിച്ചതായി പരാതിയുണ്ട്. സലൂണിലുണ്ടായിരുന്നവർ ഇടപെട്ടെങ്കിലും അക്രമികൾ പിന്മാറിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സുഷമയെയും ഭർത്താവിനെയും മറ്റ് പ്രതികളെയുംതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയവരെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കിയതായി ആവലഹള്ളി പൊലീസ് അറിയിച്ചു.




