വയനാട്: ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാരോപിച്ച് ടി. സിദ്ദിഖ് എം.എൽ.എക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്ത്. 120 ദിവസത്തിനകം വീട് നൽകാമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് ശ്രുതി 15 ലക്ഷം രൂപ സ്വീകരിച്ചുവെന്നും, ഇപ്പോൾ ആ തുക തിരികെ നൽകാനും വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമീപിച്ചിരിക്കുകയാണെന്നും റഫീഖ് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ദുരവസ്ഥയെ ഉപയോഗിച്ച് പ്രചാരണം നടത്തിയതാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ആരോപണങ്ങൾ തള്ളി ടി. സിദ്ദിഖ് പ്രതികരിച്ചു. ശ്രുതിക്ക് വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞത് ഒരു വ്‌ളോഗറാണെന്നും, താൻ തറക്കല്ലിടൽ ചടങ്ങിൽ അതിഥിയായി മാത്രം പങ്കെടുത്തതാണെന്നും എം.എൽ.എ വ്യക്തമാക്കി. ശ്രുതിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




