തിരുവനന്തപുരം: നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്, ആംബുലൻസിന് വഴി നല്‍കിയില്ലെങ്കിലും, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ കർശനമാക്കി.
ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്കാകും ലെെസൻസ് സസ്പെൻഡ് ചെയ്യുക.
മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും. അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണം സംഭവിച്ചാല്‍ ലൈസന്‍സ് ഒരു വര്‍ഷത്തേക്കാകും സസ്പെൻഡ് ചെയ്യുക.





