മലപ്പുറം: കിണറ്റിൽ വീണ മകനെയും രക്ഷിക്കാൻ ഇറങ്ങിയ പിതാവിനെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പയ്യനാട് ചോലക്കൽ മേച്ചേരി വീട്ടിലെ ഷാഹിദ് (10) ആണ് 35 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണത്. മകനെ രക്ഷിക്കാൻ പിതാവ് മുസ്തഫ (46) കിണറ്റിലിറങ്ങിയെങ്കിലും, അവശത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേരി അഗ്‌നിരക്ഷാസേന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.വി. അനൂപ് എന്നിവർ കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാലിന് പൊട്ടലേറ്റ ഷാഹിദിനെയും മുസ്തഫയെയും അഗ്‌നിരക്ഷാസേനയുടെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടായിരുന്ന കിണറ്റിൽ അപകടസാധ്യതകൾക്കിടയിലും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി.


