തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർക്ക് സംശയം തോന്നുകയും ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവതി ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നുവെന്നും കഠിനമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ പോകാൻ സാധനങ്ങൾ എടുക്കാൻ മുറിയിൽ കയറിയപ്പോൾ രക്തക്കറ കണ്ടു. തുടർന്ന് കുഞ്ഞിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.
ഉടൻ തന്നെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ഇപ്പോൾ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




