നെടുമ്പാശേരി: ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ സ്വദേശിയായ സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. മസ്കത്തിൽ നിന്ന് ഒമാൻ എയർ വിമാനത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോഴാണ് സംഭവം പുറത്തായത്. സംശയം തോന്നിയതിനാൽ ഇയാളുടെ ചെക്ക്–ഇൻ ബാഗ് പരിശോധിച്ചു.
ബാഗിൽ ഉണ്ടായിരുന്ന ടോയ് സൈക്കിൾ ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ അത് അഴിച്ചു പരിശോധിച്ചു. സൈക്കിളിന്റെ പൈപ്പിനുള്ളിൽ പാളി രൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ആകെ 117 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് ഏകദേശം 17.81 ലക്ഷം രൂപ വില വരും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




