ഗുവാഹത്തി: ഐപിഎല്‍ 2026ല്‍ വീണ്ടും വിസ്മയമായി മാറിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി. മുംബൈ ഇന്ത്യന്‍സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വൈഭവിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മഹേല ജയവര്‍ധനെ. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് തന്നെ അവന്‍ മികച്ച പ്രതിഭയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വൈഭവ് എങ്ങനെ മെച്ചപ്പെടുന്നുവെന്നത് കാണാന്‍ കൗതുകമുണ്ട്. അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ ശരിക്കും തകര്‍ത്തു കളഞ്ഞു. ജയവര്‍ധനെ പറഞ്ഞു.
മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെറും 14 പന്തില്‍ നിന്ന് 39 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ലോകോത്തര ബൗളര്‍ ജസ്പ്രിത് ബുംറയെ പോലും ആദ്യ ഓവറില്‍ തന്നെ രണ്ട് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി വൈഭവ് തന്റെ കരുത്ത് കാട്ടി.ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി 122 റണ്‍സ് വൈഭവ് നേടിയിട്ടുണ്ട്. വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങിയ യശ്വസി ജയ്സ്വാളിന്റെ പ്രകടനത്തെയും ജയവര്‍ധനെ പ്രശംസിച്ചു.




