പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ചതിലെ വ്യക്തതക്കുറവിനെച്ചൊല്ലി വോട്ടെടുപ്പ് ദിനത്തിൽ ശക്തമായ തർക്കം ഉടലെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വോട്ടിങ് യന്ത്രത്തിൽ വ്യക്തമായി കാണുന്നതെന്നും, യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിക്കിടക്കുകയാണെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. സംഭവത്തിൽ ലഭിച്ച പരാതി പരിശോധിച്ച് വരികയാണെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ആന്റോ ആന്റണി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ വരെ സ്വാധീനം ചെലുത്താൻ എൽഡിഎഫിന് സാധിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ ഈ ക്രമക്കേട് ഗൗരവകരമാണെങ്കിലും ആറന്മുളയിൽ അബിൻ വർക്കിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, യുഡിഎഫിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ തനിക്കെതിരെ പലവിധ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് പുതിയ വിവാദമെന്നും അവർ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് വിജയം ആവർത്തിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. വോട്ടിങ് യന്ത്രത്തെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുമ്പോഴും മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.




