ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നു. സംഭവത്തിൽ പോക്സോ കേസിനൊപ്പം പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ഉൾപ്പെടുത്തണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊലീസിന് നിർദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പെൺകുട്ടിയുടെ വിവാഹം നടത്തിയത് ഗുരുതര വീഴ്ചയാണെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെയും സഹായിച്ചവരെയും പ്രതികളാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പരാതിക്കാരൻ പ്രഥം ദുബൈയും രംഗത്തെത്തി. വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുമെതിരെ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇതിനിടെ, പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പോക്സോ കുറ്റം ചുമത്തിയതായാണ് വിവരം. മറ്റ് വകുപ്പുകളും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. ആവശ്യമായ പരിശോധനകൾ നടത്താതെ ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നും, പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണു വിവാഹത്തിന് പ്രേരിപ്പിച്ചതെന്നും ആരോപണം ഉയരുന്നു.കേരളത്തിൽ എത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരൻ പ്രഥം ദുബൈ ആരോപിച്ചു.




