ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവച്ച സംഭവത്തിൽ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിനെ തുടർന്ന് മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി എച്ച്ഐവി ബാധിത രക്തം കുത്തിവച്ചതായി പോലീസ് അറിയിച്ചു. ഇരുവരും ബന്ധുക്കളാണെന്നും നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന വിവരവും പുറത്തുവന്നു. പിന്നീട് നടത്തിയ പരിശോധനയിൽ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




