ദുബായ്: വേനൽച്ചൂടിലേക്ക് കടക്കുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 വരെ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 9 മുതൽ ആരംഭിച്ച ഈ കാലാവസ്ഥാ മാറ്റം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ ശക്തമായ മഴയ്ക്ക് പകരം ഇത്തവണ മിതമായ മഴയ്ക്കാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.
അൽ ദഫ്ര, അൽ ഐൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് പ്രവചിക്കുന്നു. മേഘാവൃതമായ അന്തരീക്ഷം കാരണം ഏപ്രിൽ 13 വരെ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മഴ പെയ്യുമ്പോൾ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും മിഡിൽ ഈസ്റ്റിലെ കാലാവസ്ഥാ വ്യതിയാനവും ഒന്നിച്ചുചേരുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. സൗദി അറേബ്യയ്ക്ക് മുകളിലെ മേഘങ്ങൾ യുഎഇയിലേക്ക് നീങ്ങുന്നതായും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ തുടങ്ങിയ നഗരങ്ങളിലും മിതമായ മഴ ലഭിക്കാനാണ് സാധ്യത.




