കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിംഗ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലെ രണ്ടേക്കർ ഭൂമി ആദ്യം സർക്കാർ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്യ്ക്ക് കൈമാറിയിരുന്നു. പിന്നീട് മിൽക്ക് ചില്ലിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ഈ ഭൂമി മിൽമ എറണാകുളം യൂണിയന് നൽകിയിരുന്നു.
ഇതിൽ നിന്ന് 1.30 ഏക്കർ ഭൂമി ബോർഡിന് തിരികെ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കൈവശാവകാശം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മിൽമ യൂണിയൻ കോടതിയെ സമീപിച്ചത്. എന്നാൽ ഭൂമി മിൽമയുടെ ആവശ്യങ്ങൾക്ക് മാത്രമായി നൽകിയതാണെന്നും, ഇപ്പോൾ ലൈവ്സ്റ്റോക്ക് ബോർഡിന്റെ ആവശ്യങ്ങൾക്കായി തിരിച്ചെടുക്കുന്നതാണെന്നും സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
ചില്ലിംഗ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിനായി പമ്പ് ഹൗസ് ഉൾപ്പെടെയുള്ള ഭൂമിയും തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.പി. താജുദ്ദീൻ എന്നിവർ ഹാജരായി.




