തിരുവനന്തപുരം: പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ. കോവളം ആവാടുതുറ പാൽക്കുളം ശിവക്ഷേത്രത്തിൽ നന്ദികേശ പ്രതിമയുടെ കഴുത്തിലുണ്ടായിരുന്ന വെള്ളി ആഭരണം മോഷ്ടിച്ചതിനാണ് 43-കാരനായ മുത്തുവിനെ കോവളം പോലീസ് പിടികൂടിയത്.
രാവിലെ പൂജ നടക്കുന്നതിനിടെയാണ് നടമണ്ഡപത്തിന് സമീപം നിന്ന് ആഭരണം മോഷ്ടിച്ചത്. സംഭവത്തിന് ശേഷം പ്രതി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി ഒരാളുടെ ലഗേജും മോഷ്ടിച്ച് ട്രെയിനിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.
കോവളം പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് വിവരം റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പാറശാലയിൽ വെച്ച് റെയിൽവേ പോലീസ് ഇയാളെ തടഞ്ഞുവെച്ച് പിടികൂടി. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയും കവർച്ചകളും നടത്തുന്ന പ്രതിയാണിതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




