ചെന്നൈ: വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മണ്ഡല പുനര്‍നിര്‍ണയ നടപടികളുമായി മുന്നോട്ട് പോയാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്‌നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഇത് ലാസ്റ്റ് മുന്നറിയിപ്പാണെന്ന് പറഞ്ഞാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കി തമിഴ്‌നാടിന്റെ അധികാരം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1950 കളിലെയും 60 കളിലെയും ഡി എം കെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്നും, മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരന്‍ എന്ന നിലയിലുമാണ് താന്‍ ഇത് പറയുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.


