ലക്‌നൗ: ലക്നൗവിൽ സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് വിവാഹത്തിന് പിന്നാലെ നടന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ യുവതി ആദ്യരാത്രിയിൽ തന്നെ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുകയായിരുന്നു. തനിക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലെന്നും വെറും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇതിന് സമ്മതിച്ചതെന്നും തുറന്നുപറഞ്ഞ വധു, ശാരീരിക ബന്ധത്തിന് സമ്മതിക്കണമെങ്കിൽ 90 ലക്ഷം രൂപ വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ തുടങ്ങിയ തർക്കം വലിയ സംഘർഷത്തിലേക്കാണ് വഴിമാറിയത്.
യുവതി വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഇവരുടെ ബന്ധുക്കൾ വീട്ടിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഭർത്താവിനെയും കുടുംബാംഗങ്ങളെയും വീടിനുള്ളിലാക്കി പൂട്ടിയ ശേഷം ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് സ്ഫോടനമുണ്ടാക്കാനും വീടിന് തീയിടാനും ഇവർ ശ്രമിച്ചതായാണ് പരാതി. ഒടുവിൽ അയൽവാസികൾ ഓടിയെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സ്വന്തം ആഭരണങ്ങൾക്ക് പുറമെ ഭർത്താവിന്റെ അമ്മയുടെ സ്വർണ്ണവും കൈക്കലാക്കിയാണ് യുവതിയും സംഘവും സ്ഥലത്തുനിന്ന് മുങ്ങിയത്.
ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാൻ പോലീസ് മടിച്ചെങ്കിലും കുടുംബം കോടതിയെ സമീപിച്ചതോടെയാണ് വധുവിനും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാൻ ഉത്തരവായത്. വധുവിന്റെ കുടുംബം മുൻകൂട്ടി പ്ലാൻ ചെയ്ത തട്ടിപ്പാണോ ഇതെന്നും, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീധന പീഡന പരാതി നൽകാൻ ഇവർ നീക്കം നടത്തുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.




