വിഷു ആഘോഷത്തിനിടെ മലയാള സിനിമ ലോകത്തിന് പ്രത്യേക സമ്മാനമായി മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നു. ഏറെക്കാലമായി “L366” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രം ഇനി ‘അതിമനോഹരം’ എന്ന പേരിലാണ് എത്തുന്നത്. വിഷുദിനത്തിൽ രാവിലെ 10:10ന് സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററോടൊപ്പം ചിത്രത്തിന്റെ പേര് പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടുകയും ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു.
മലയിലേക്ക് പോകുന്ന സ്വാമിമാരുടെ നടുവിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്കാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രം പ്രഖ്യാപിച്ചതുമുതൽ വലിയ പ്രതീക്ഷയുണ്ടായിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവുമാണിത്.
ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി നിർവഹിക്കുന്നു. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ജേക്സ് ബിജോയ്. സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ ഗോകുൽദാസ്, വസ്ത്രാലങ്കാരം മഷാർ ഹംസ, മേക്കപ്പ് റോണെക്സ് സേവിയർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റാണ് നിർവഹിക്കുന്നത്.




