വയനാട്: മുണ്ടക്കൈ ടൗൺഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിർമാണം പൂർത്തിയാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. നിർമാണാവശിഷ്ടമായി കിടക്കുന്ന വലിയ മൺകൂന മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ എട്ട് കുടുംബങ്ങൾക്ക് താൽക്കാലികമായി മാറി താമസിക്കാൻ സർക്കാർ നോട്ടീസ് നൽകി.
ബന്ധുവീടുകളിലോ വാടകവീടുകളിലോ മാറി താമസിക്കാനാണ് നിർദേശം. ഇതിനാവശ്യമായ സഹായം സർക്കാർ നൽകുമെന്ന് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതായാണ് വിവരം. എന്നാൽ നോട്ടീസ് നൽകി അഞ്ച് ദിവസം പിന്നിട്ടിട്ടും അപകടഭീഷണി ഉയർത്തുന്ന മൺകൂന നീക്കം ചെയ്യാൻ നടപടിയൊന്നും ആരംഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് മണ്ണ് നീക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.
കഴിഞ്ഞ ഒക്ടോബറിലേ തന്നെ മൺകൂന നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അന്ന് മണ്ണ് മാറ്റാമെന്ന് ഉറപ്പ് ലഭിച്ചിരുന്നില്ലെങ്കിലും, ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. കള്ളാടി ദുരന്തത്തിന് ശേഷം മൺകൂനയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചത് മാത്രമാണ് അധികൃതർ സ്വീകരിച്ച നടപടിയെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് എഡിഎമ്മിന്റെ നേതൃത്വത്തിൽ ചർച്ച നടന്നത്.
ടൗൺഷിപ്പിലെ ഫേസ്–5, ഡി–5 ക്ലസ്റ്ററിന് സമീപമാണ് അപകടഭീഷണി നേരിടുന്ന കുടുംബങ്ങൾ താമസിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഇവിടെ നേരത്തേ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ സമിതി പരിശോധനയിൽ എട്ട് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതായി കണ്ടെത്തി. ടൗൺഷിപ്പിലേക്കുള്ള റോഡ് നിർമാണത്തിനും ഭൂമി നിരപ്പാക്കുന്നതിനുമായി ശേഖരിച്ച മണ്ണാണ് ഇപ്പോൾ കൂനയായി കിടക്കുന്നത്. പുല്ല് മൂടിയ നിലയിലുള്ള ഈ മൺകൂന ഏത് സമയത്തും ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നോട്ടീസിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.




