തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചു. ചോദ്യപ്പേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴികളാണ് എടുത്തത്. മൂല്യനിർണയത്തിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കിയാണ് മൂല്യനിർണയം നടത്തിയതെന്നാണ് കണ്ടെത്തൽ. വിവരണാത്മക ഉത്തരങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ, മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന വിവേചന അധികാരം ദുരുപയോഗം ചെയ്തോ, സ്വജനപക്ഷപാതം ഉണ്ടായോ തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കും.



