ഐച്ചി-നാഗോയ (ജപ്പാൻ): ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ പൂർണ അന്താരാഷ്ട്ര പദവിയോടെ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തുക സെമിഫൈനലിലോ ഫൈനലിലോ മാത്രമായിരിക്കും.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 1 വരെ ഐച്ചി പ്രവിശ്യയിലെ കോറോഗി അത്‌ലറ്റിക് പാർക്കിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. വനിതാ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. 2010ലെ ഗ്വാങ്ഷൂ, 2014ലെ ഇഞ്ചിയോൺ, 2023ലെ ഹാങ്ഷൂ ഏഷ്യൻ ഗെയിംസുകൾക്ക് ശേഷം നാലാം തവണയാണ് ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തുന്നത്.
സീഡിംഗ് അടിസ്ഥാനത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് മത്സരങ്ങളിലൂടെയാണ് ക്വാർട്ടറിലെ ബാക്കിയുള്ള നാല് ടീമുകളെ കണ്ടെത്തുക. ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ ടീമുകളും ഗ്രൂപ്പ് ബിയിൽ ഹോങ്കോങ് ചൈന, മലേഷ്യ, ഒമാൻ ടീമുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഇന്ത്യയും പാകിസ്ഥാനും വ്യത്യസ്ത ഗ്രൂപ്പുകളിലായതിനാൽ ഇരുവരുടെയും പോരാട്ടം സെമിഫൈനലിലോ ഫൈനലിലോ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ.
വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെയാണ് നേരിടുന്നത്. ഈ മത്സരത്തിലെ വിജയികൾ സെമിഫൈനലിൽ ബംഗ്ലാദേശ്-ചൈന മത്സരത്തിലെ വിജയിയെ നേരിടും. മറ്റ് ക്വാർട്ടർ മത്സരങ്ങളിൽ ശ്രീലങ്ക മലേഷ്യയെയും പാകിസ്ഥാൻ തായ്‌ലൻഡിനെയും നേരിടും.
അതേസമയം, ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെയും പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ തിലക് വർമ്മ, രവി ബിഷ്‌ണോയ്, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി എന്നിവർ ഉൾപ്പെടുന്നു.




