അങ്കാറ: തെക്കൻ തുർക്കിയിലെ കഹ്‌റാമൻമാരാസ് പ്രവിശ്യയിലെ ഒരു വിദ്യാലയത്തിൽ 14 വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ എട്ട് വിദ്യാർഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അയ്സർ കാലിക് സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്‌സി അറിയിച്ചു. ആക്രമണത്തിനിടെ അക്രമിയായ വിദ്യാർത്ഥിയും മരിച്ചതായി അധികൃതർ വ്യക്തമാക്കി.
വെടിവെപ്പിൽ പരിക്കേറ്റ 13 പേരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രണ്ട് ക്ലാസ് മുറികളിലേക്ക് അതിക്രമിച്ച് കയറിയ വിദ്യാർത്ഥി കൈവശമുണ്ടായിരുന്ന തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. അഞ്ച് തോക്കുകളും ഏഴ് മാഗസിനുകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ തോക്കുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പ്രാദേശിക ഗവർണർ മുകറം ഉൻലുവർ അറിയിച്ചു. സംഭവത്തെ തുടർന്ന് അക്രമിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. വെടിവെപ്പിനെത്തുടർന്ന് പരിഭ്രാന്തരായ വിദ്യാർഥികളും അധ്യാപകരും കെട്ടിടത്തിന്റെ ജനലുകൾ വഴി പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.




