തിരുവനന്തപുരം: രാജ്യശ്രദ്ധ നേടിയ മോണാലിസ–ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ രംഗത്തെത്തി. കേരളത്തിൽ അഭയം തേടിയെത്തിയ ഇവർക്ക് നിയമോപദേശം നൽകിയതായും, മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
തനിക്ക് 18 വയസ്സ് പൂർത്തിയായതായി തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് കാണിച്ച് മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയതായും വിവരമുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് അവർ അധികൃതരെ സമീപിച്ചത്. പ്രായം തെളിയിക്കുന്ന രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
മോണാലിസയും ഫർമാൻ ഖാനും നിയമോപദേശത്തിനായി തന്നെ സമീപിച്ചതായും, വിഷയത്തിൽ ഭരണഘടനയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് വ്യക്തമാക്കിയതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇന്ത്യ എല്ലാവരുടെയും രാജ്യമാണെന്ന ഭരണഘടനാ ബോധ്യം ഓരോ പൗരനും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘത്തോടും അദ്ദേഹം സംസാരിച്ചതായി അറിയിച്ചു. ഇവർ നിയമപരമായി ഹൈക്കോടതിയെ സമീപിക്കുമെന്ന വിവരവും പൊലീസിനെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത മതസമുദായങ്ങളിൽപ്പെട്ടവരുടെ വിവാഹത്തെ ക്രിമിനൽ കുറ്റമായി കാണുന്നത് ശരിയല്ലെന്ന നിലപാടിലാണ് താൻ നിയമോപദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.




