മലപ്പുറം: തിരൂര്‍ ആലത്തിയൂര്‍ പൊയിലിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പത്ത് വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. തൃപ്രങ്ങോട് ഹനുമാന്‍കാവിന് സമീപത്തെ പുതുപറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ബി.എം.ഡബ്ല്യു ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍, ഒരു താര്‍ ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്, ബുള്ളറ്റുകള്‍, ഇലക്ട്രിക് സ്കൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടെ 10 വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു.
തീ പടർന്നതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. ചില വാഹനങ്ങള്‍ തള്ളി നീക്കി രക്ഷപ്പെടുത്തി. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാണോ എന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.






