തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) പുനഃസംഘടിപ്പിച്ച് സിപിഐഎം. ടി.എൻ. സീമ അധ്യക്ഷയായി തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, പി.കെ. സൈനബ, എൻ. ചന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. അഭിഭാഷക ടി. ഗീനാകുമാരിയും ഐസിസിയിൽ അംഗമാണ്. ഐസിസിക്ക് പരിഹരിക്കാൻ കഴിയാത്ത പരാതികൾ പൊലീസിന് കൈമാറണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിർദേശിച്ചു.
മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് പിന്നാലെയാണ് പാർട്ടി ഘടകങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കാൻ നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സംസ്ഥാന കമ്മിറ്റി ഐസിസി രൂപീകരിച്ചിരുന്നു. അന്ന് തന്നെ ടി.എൻ. സീമയെ അധ്യക്ഷയായി നിയമിച്ചെങ്കിലും മറ്റ് അംഗങ്ങളെ തീരുമാനിച്ചിരുന്നില്ല. പിന്നീട് സെല്ലിന് മുന്നിൽ പരാതികളൊന്നും എത്തുകയോ പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കുകയോ ചെയ്തിരുന്നില്ല.
പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഐസിസി സജീവമാക്കണമെന്ന നിർദേശം ഉണ്ടായത്. പ്രവർത്തനരഹിതമാണെങ്കിൽ സെൽ പുനഃസംഘടിപ്പിക്കണമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച നേതൃയോഗത്തിലാണ് എം.എ. ബേബി ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്.
സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ മാത്രം പരിശോധിക്കുന്ന സമിതിയല്ല ഐസിസി. പാർട്ടി നേതാക്കൾക്കെതിരെ ഉയരുന്ന എല്ലാ പരാതികളും സമിതിയുടെ പരിഗണനയിൽ വരും. ഏതെങ്കിലും പാർട്ടി ഘടകത്തിലെ അംഗത്തിനെതിരെ പരാതി ഉയർന്നാൽ അതിന് തൊട്ടുമുകളിലുള്ള ഘടകത്തിലെ ഐസിസി പരാതി അന്വേഷിക്കണമെന്നാണ് നിർദേശം.
ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുമെതിരെ ഉയരുന്ന പരാതികൾ സംസ്ഥാന ഐസിസി പരിഗണിക്കും. പാർട്ടിയുടെ കീഴ്ഘടകങ്ങളിലെല്ലാം ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കാനും സിപിഐഎം നിർദേശം നൽകിയിട്ടുണ്ട്.




