തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട്–അമ്പലമുക്ക് ബൈപ്പാസിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാജസ്ഥാനിൽ നിന്നെത്തിയ ലോറി കുറ്റിമൂട് പട്ടയം ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തുടർന്ന് ലോറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിനുമുകളിൽ വീഴുകയും ചെയ്തു.
അപകടത്തിൽ ലോറി ഡ്രൈവർ ദിലീപിന് പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന വലിയ കേബിൾ റോളുകൾ സമീപത്തെ വീട്ടിലേക്ക് ഉരുണ്ടുകയറി. കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനും ബൈക്കിനും വൻ നാശനഷ്ടമുണ്ടായി. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. അമ്പലമുക്ക് ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.




