തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു. കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി.
കോടതിയെ സമീപിച്ച ശേഷമാണ് ഈ കുറ്റം ഒഴിവാക്കപ്പെട്ടത്. ഇപ്പോൾ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു മണിയൻപിള്ള രാജു ഓടിച്ച കാറും ഒരു ബൈക്കും തമ്മിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം കാർ നിർത്താതെ അദ്ദേഹം സ്ഥലത്തുനിന്ന് പോയിരുന്നു. അന്ന് സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോൾ, ഭയന്നതിനാലാണ് കാർ നിർത്താതെ പോയതെന്നും, ബൈക്ക് കാറിൽ വന്ന് ഇടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.




