ഇടുക്കി: ഇടമലക്കുടിയിലെ റേഷൻകടയിൽ ക്രമക്കേട് നടന്നതായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ സ്ഥിരീകരിച്ചു. കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മൻ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേട് ഉണ്ടായതായി കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. റേഷൻകടയിൽ ഭക്ഷ്യധാന്യം എത്തിയതിന്റെയോ, ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിന്റെയോ രേഖകൾ ഇല്ലെന്ന് കമ്മിഷൻ കണ്ടെത്തി. ആവശ്യമായ രജിസ്റ്ററുകളും സൂക്ഷിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കട പ്രവർത്തിച്ചതെന്നും അറിയിച്ചു.
സൊസൈറ്റിക്കുടി, ഇഡലിപ്പാറക്കുടി, കവക്കാട്ടുകുടി, മീൻകുത്തിക്കുടി, ഇരുപ്പ്കല്ല് കുടി, വെള്ളവരക്കുടി തുടങ്ങിയ പ്രദേശങ്ങളിലെ ഗുണഭോക്താക്കളുമായി കമ്മിഷൻ സംസാരിച്ചു. ഫെബ്രുവരി മുതൽ റേഷൻ കൃത്യമായി ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. പലപ്പോഴും കിലോമീറ്ററുകൾ നടന്ന് എത്തിയാലും സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞ് മടക്കിയയക്കുന്നതായും, ടോക്കൺ നൽകി പിന്നീട് കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് സാധനം നിഷേധിക്കുന്നതായും അവർ പരാതിപ്പെട്ടു. ഇത്തരത്തിൽ ടോക്കൺ നൽകുന്നത് നിയമവിരുദ്ധമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
റേഷൻ വിതരണം നടത്തുന്ന ഗിരിജൻ സർവീസ് സഹകരണ സംഘത്തിന് കീഴിലുള്ള കടകൾക്കെതിരെ ആരോപണം. പൊതുവിതരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ 65 മെട്രിക് ടൺ ഭക്ഷ്യധാന്യത്തിന്റെ കുറവ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും.




