പട്ന: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തെ കുറിച്ച് പുതിയ വിവാദ പരാമർശവുമായി തേജ് പ്രതാപ് യാദവ്. പ്രിയങ്ക ഗാന്ധിയെ പിന്തുണച്ചും രാഹുൽ ഗാന്ധിയെ വിമർശിച്ചുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യം ചെയ്ത യാദവ്, സഖ്യത്തെ നയിക്കാൻ പ്രിയങ്കയ്ക്ക് മാത്രമേ കഴിയും എന്ന് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രകൾ നടത്തുന്നതുകൊണ്ടോ ബുള്ളറ്റിൽ സഞ്ചരിക്കുന്നതുകൊണ്ടോ മാത്രം നേതൃത്വം തെളിയിക്കാനാവില്ലെന്നും യാദവ് പരിഹസിച്ചു.
പട്നയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഹാറിലെ രാഷ്ട്രീയ സാഹചര്യത്തെയും അദ്ദേഹം വിമർശിച്ചു. നിതീഷ് കുമാർ തന്റെ പദവി ഉപേക്ഷിച്ചതിനാലാണ് ഇപ്പോഴത്തെ മാറ്റങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്ത് നേരത്തേയും ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യമില്ലെന്നും മുതിർന്ന നേതാക്കളെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുൻ കോൺഗ്രസ് നേതാവായ ഷക്കീൽ അഹമ്മദ് ആരോപിച്ചിരുന്നു.




