ന്യൂഡൽഹി: അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മൗൻജാരോ കുത്തിവെപ്പിന്റെ വ്യാജ പതിപ്പ് നിർമ്മിച്ച് വിൽപ്പന നടത്തിയ സംഘത്തെ ഹരിയാനയിലെ ഗുരുഗ്രാമിൽ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ടാക്സിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന വ്യാജ മരുന്നുകൾ കണ്ടെത്തി.
ടാക്സി ഡ്രൈവർ മുസമ്മിൽ ഖാനെ ചോദ്യം ചെയ്തതിനെ തുടർന്ന് മുഖ്യപ്രതി അവി ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയിൽ നിന്ന് കൊണ്ടുവന്ന ചില മരുന്നുകളിൽ വെള്ളം ചേർത്ത് മിശ്രിതമുണ്ടാക്കി, മൗൻജാരോ എന്ന പേരിൽ പാക്ക് ചെയ്താണ് ഇവർ വിപണിയിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
യഥാർത്ഥ മരുന്നിനെപ്പോലെ തോന്നിക്കുന്ന ലേബലുകളും ബാർകോഡുകളും ഉപയോഗിച്ചായിരുന്നു വിൽപ്പന. പ്രധാനമായും ഓൺലൈൻ വഴിയാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. പിടിച്ചെടുത്ത വ്യാജ മരുന്നുകൾക്ക് ഏകദേശം 70 ലക്ഷം രൂപയോളം വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജ മരുന്നുകൾ വിപണിയിൽ വ്യാപകമായി എത്തുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത മരുന്നുകടകളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങണമെന്നും ഹരിയാന മരുന്ന് നിയന്ത്രണ വകുപ്പ് മുന്നറിയിപ്പ് നൽകി. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.




