കേരള രാഷ്ട്രീയത്തിന്റെ ചരിത്രവഴികളിൽ അപ്രതീക്ഷിതമായ ഉദയങ്ങളും അതിവേഗത്തിലുള്ള പതനങ്ങളും പുതിയ കാര്യമല്ലെങ്കിലും, പി.വി. അൻവറിന്റെ യാത്ര അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒന്നായി മാറുകയാണ്. നിലമ്പൂരിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി ചുവടുറപ്പിക്കുകയും രണ്ട് വട്ടം നിയമസഭയുടെ പടവുകൾ കയറുകയും ചെയ്ത അൻവർ, ഇന്ന് ഒരു രാഷ്ട്രീയ അഭയാർത്ഥിയെപ്പോലെ അലയുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ച അദ്ദേഹം എങ്ങനെയാണ് വെറും മാസങ്ങൾക്കുള്ളിൽ ഹീറോ ടു സീറോ എന്ന പരിഹാസത്തിന് ഇരയായത് എന്നത് ഗൗരവകരമായ രാഷ്ട്രീയ വിശകലനം അർഹിക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ തരിശുഭൂമിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം കേവലം ഒരു വ്യക്തിയുടെ വീഴ്ചയല്ല, മറിച്ച് കേരളത്തിലെ സുശക്തമായ മുന്നണി രാഷ്ട്രീയത്തെ വെല്ലുവിളിക്കാൻ ഇറങ്ങുന്നവർ നേരിടേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനം കൂടിയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥർക്കുമെതിരെ അൻവർ ഉയർത്തിയ കലാപക്കൊടി കേരള രാഷ്ട്രീയത്തെ കുറച്ചുകാലം മുൾമുനയിൽ നിർത്തിയിരുന്നു. പോലീസിലെ ഉന്നതതലത്തിലുള്ള അവിശുദ്ധ ബന്ധങ്ങളും ഭരണകൂടത്തിന്റെ വീഴ്ചകളും അക്കമിട്ടു നിരത്തിയപ്പോൾ ഒരു ജനകീയ പോരാളിയുടെ പരിവേഷം അൻവറിന് ലഭിച്ചു. എന്നാൽ ആ ആവേശത്തെ ഒരു സുസ്ഥിര രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇടതുമുന്നണി വിട്ടതിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം തേടിയ വഴികളെല്ലാം ചെന്നുനിന്നത് വലിയ പരാജയങ്ങളിലാണ്. കോൺഗ്രസിന്റേയും ബിജെപിയുടേയും വാതിലുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ചർച്ചയായെങ്കിലും, ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ല. വ്യക്തിപരമായ വാശികൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി രാഷ്ട്രീയ നിലപാടുകൾ മാറ്റുന്ന ഒരാളെ ഉൾക്കൊള്ളാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മടികാണിച്ചു എന്നത് അൻവറിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വലിയ പരാജയമായിരുന്നു.
ഒടുവിൽ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൽ ചേരുകയും ആ പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി ചുമതലയേൽക്കുകയും ചെയ്തപ്പോൾ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് ചിലരെങ്കിലും കരുതി. എന്നാൽ മമതാ ബാനർജിയുടെ പാർട്ടിയെ കേരളത്തിൽ വളർത്തുന്നതിനേക്കാൾ അൻവർ ശ്രദ്ധിച്ചത് തന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലനിൽപ്പിനായിരുന്നു. ബേപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ അദ്ദേഹം കാണിച്ച താല്പര്യം ടിഎംസിയുടെ ദേശീയ നിലപാടുകൾക്ക് വിരുദ്ധമായിരുന്നു. ഒരുവശത്ത് മമതാ ബാനർജിയുടെ പ്രതിനിധിയായി സ്വയം പ്രഖ്യാപിക്കുമ്പോൾ തന്നെ മറുവശത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ തേടുന്നത് രാഷ്ട്രീയമായ ഇരട്ടത്താപ്പായാണ് വിലയിരുത്തപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് വീരവാദം മുഴക്കിയ അൻവർ, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു പുറത്തുപോയത് അദ്ദേഹം നേരിടാൻ പോകുന്ന വലിയ പരാജയത്തിന്റെ മുൻകൂർ ജാമ്യമായാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. സ്വന്തം പാർട്ടിയുടെ സംസ്ഥാന ഘടകം പോലും അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്ന സാഹചര്യം ഉണ്ടായത് അൻവർ എത്രത്തോളം ഒറ്റപ്പെട്ടു എന്നതിന്റെ തെളിവാണ്.
കൂടുമാറ്റ രാഷ്ട്രീയത്തിന്റെ ഒരു പരീക്ഷണശാലയായാണ് അൻവർ തന്റെ ജീവിതത്തെ മാറ്റിയത്. നിലമ്പൂരിൽ നിന്ന് ബേപ്പൂരിലേക്കുള്ള ദൂരം കേവലം ഭൂമിശാസ്ത്രപരം മാത്രമല്ല, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അസ്ഥിരത കൂടിയാണ് വ്യക്തമാക്കുന്നത്. കെ.കെ. രമയെപ്പോലുള്ള വിപ്ലവകാരികളെയും ഇടതുപക്ഷത്തോട് വിയോജിപ്പുള്ള വിമതന്മാരെയും കൂടെ കൂട്ടി ഒരു മഹാസഖ്യം ഉണ്ടാക്കുമെന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങൾ ഇന്ന് വെറും തമാശകളായി അവശേഷിക്കുന്നു. രാഷ്ട്രീയത്തിൽ ആശയപരമായ ഐക്യത്തേക്കാൾ ഉപരിയായി വ്യക്തിപരമായ വിരോധങ്ങൾ വച്ച് മുന്നോട്ട് പോകുന്നത് എത്രത്തോളം അപകടകരമാണെന്ന് അൻവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകണം. മെയ് 15-നകം പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാനത്തെ കച്ചിത്തുരുമ്പാകാനാണ് സാധ്യത. എന്നാൽ അണികളില്ലാത്ത, കൃത്യമായ പ്രത്യയശാസ്ത്രമില്ലാത്ത ഒരു പാർട്ടിക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങളുടെ ഇടയിൽ എത്രത്തോളം നിലനിൽപ്പുണ്ടാകുമെന്ന് കണ്ടറിയണം.




