കോഴിക്കോട്: വിവിധ തരത്തിലുള്ള രാസലഹരികളുമായി ബിഹാർ സ്വദേശി കുന്നമംഗലത്ത് എക്സൈസ് പിടിയിൽ. കത്തിഹാർ ജില്ലയിലെ ഹജിപൂർ മഡ്നി ടോല സ്വദേശിയായ അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. പ്രതിയുടെ പക്കൽ നിന്ന് 13 ഗ്രാം ഹെറോയിൻ, 3 ഗ്രാം ബ്യൂപ്രെനോർഫിൻ, 2 ഗ്രാം നലോക്സോൺ എന്നിവയും ഗുളികകളും കണ്ടെത്തി.
കുന്നമംഗലം റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ജലാലുദ്ദീൻ എൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വിപിൻ പി, നിഷാന്ത് എം.കെ, സുജിത്ത് എൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത എം.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബസ്സിർ എന്നിവരും ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി.പി, അജിത്ത് പി എന്നിവരും ചേർന്നാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




