കാഠ്മണ്ഡു: വലിയ പ്രതീക്ഷകളുമായി വാഗ്ദാനങ്ങള്‍ നല്‍കി നേപ്പാളില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാരിന് ഒരു മാസം പിന്നിടുമ്പോഴേക്കും കനത്ത തിരിച്ചടികള്‍. റാപ്പര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി പ്രധാനമന്ത്രിയായ 35കാരന്‍ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് ഇതുവരെ രണ്ട് മന്ത്രിമാരാണ് രാജിവച്ചത്. ഇതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് നേപ്പാളിലെ ഭരണസംവിധാനം.
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി സുദന്‍ ഗുരുങ്ങും, ഭാര്യയ്ക്ക് ഉന്നത പദവി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ തൊഴില്‍ മന്ത്രി ദീപക് കുമാര്‍ ഷായുമാണ് രാജിവച്ചത്. ദീപക് കുമാര്‍ ഷാ സത്യപ്രതിജ്ഞ ചെയ്ത് വെറും 13 ദിവസത്തിനുള്ളിലാണ് സ്ഥാനമൊഴിഞ്ഞത്.
ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് വലിയ ജനരോഷത്തിന് വഴിവെച്ചിരുന്നു. ഒപ്പം പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഇന്ധനവില പെട്രോള്‍ ലിറ്ററിന് 225 രൂപ വരെ എത്തിയതും ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്.






