മലപ്പുറം: പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ രണ്ട് ബിഎസ്എഫ് ജവാൻമാർ മണിക്കൂറുകൾക്കകം തിരിച്ചെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ കടലുണ്ടിപ്പുഴയ്ക്ക് സമീപം നാമ്പ്രാണിത്തടയണയ്ക്കടുത്തുള്ള കുറ്റിക്കാട്ടിൽ ഇവർ ഒളിച്ചിരുന്നതായാണ് വിവരം. പിന്നീട് ഇരുവരും ബിഎസ്എഫ് താൽക്കാലിക ക്യാംപിൽ തന്നെ എത്തുകയായിരുന്നു.
അസം, ഉത്തർപ്രദേശ് സ്വദേശികളായ ജവാൻമാരാണ് മുങ്ങിയത്. ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള ശിക്ഷാനടപടി ഭയന്നാണ് ഇവർ സ്ഥലം വിട്ടതെന്നാണ് പ്രാഥമിക വിവരം. കോട്ടയ്ക്കൽ മണ്ഡലത്തിന്റെ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സിവിൽ സ്റ്റേഷനിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിന് സമീപമുള്ള വിശ്രമ സ്ഥലത്തുനിന്നാണ് ഇവർ കഴിഞ്ഞ ദിവസം രാത്രി കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തെങ്കിലും ആദ്യഘട്ടത്തിൽ ഇവരെ കണ്ടെത്താനായില്ല.
എന്നാൽ പിന്നീട് ഇരുവരും നേരിട്ട് ബിഎസ്എഫ് ക്യാംപിൽ ഹാജരായി. വിശപ്പും സാഹചര്യവും കാരണമായിരിക്കാം തിരികെ എത്തിയതെന്നാണ് നിഗമനം. പിന്നീട് ഇരുവരെയും മലപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. കാണാതായവരെ കണ്ടെത്തിയതായി ബിഎസ്എഫ് അധികൃതർ രേഖാമൂലം അറിയിച്ചതിനെ തുടർന്ന് കേസ് തീർപ്പാക്കി. സുരക്ഷാ ചുമതലയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും പകരം ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.






