ജക്കാർത്ത: ഇന്ത്യയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇൻഡൊനീഷ്യയിലെ ബാലിയിലെ ഒരു റിസോർട്ടിൽ നിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ചെന്നാരോപണം ഉയർന്നു. റിസോർട്ട് വിട്ടുപോകുന്നതിനിടെ ഇവരുടെ ബാഗുകളിൽ നിന്നാണ് മോഷ്ടിച്ച വസ്തുക്കൾ ജീവനക്കാർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോയെന്ന പേരിൽ ചില ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ബാലിയിലെ ഉബുദിലുള്ള ‘അസ്വാറ’ റിസോർട്ടിലാണ് സംഭവം നടന്നത്. ഏപ്രിൽ 16-ന് ഇന്ത്യയിൽ നിന്നുള്ള നാല് പേർ ഇവിടെ താമസത്തിനായി എത്തിയിരുന്നു. ഏപ്രിൽ 19-ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെ മുറിയിലെ ചില സാധനങ്ങൾ കാണാതായതായി ജീവനക്കാർ ശ്രദ്ധിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ടവ്വലുകൾ, ഹെയർ ഡ്രയർ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്സ്, പാത്രങ്ങൾ, സ്പൂണുകൾ എന്നിവ ഇവരുടെ ബാഗുകളിൽ നിന്ന് കണ്ടെത്തി. ഇതോടെ റിസോർട്ട് അധികൃതർ ഇവരെ തടഞ്ഞുവെച്ചു.
സംഭവം മാനേജ്മെന്റിനെ അറിയിച്ചെങ്കിലും പോലീസിൽ പരാതി നൽകിയില്ല. പിന്നീട് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകിയതിന് ശേഷമാണ് വിനോദസഞ്ചാരികളെ വിടുതൽ നൽകിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






