ഈ തെരഞ്ഞെടുപ്പ് കാലത്ത് നാക്കുപിഴയുടേയും വിഡ്ഡിത്തം നിറഞ്ഞ പരാമര്‍ശങ്ങളുടേയും പേരില്‍ എയറിലായ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറച്ചധികമുണ്ട്. ഇതാ അക്കൂട്ടത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ബിഗ്ബോസ് താരവുമായ അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലില്‍ പ്രസവത്തെ പറ്റി പറഞ്ഞ പരാമര്‍ശമാണ് അദ്ദേഹത്തെ എയറിലാക്കിയിരിക്കുന്നത്. പണ്ടൊക്കെ സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നതായിരുന്നു പ്രസവങ്ങളെന്നും ആശുപത്രികള്‍ വന്നതോടെയാണ് സങ്കീര്‍ണമായതുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
പക്ഷേ സംഭവം കൈവിട്ടു പോയി. പഴയ ബിഗ്ബോസ് താരമല്ല, ഒരു പ്രധാന മുന്നണിയുടെ പ്രധാന സീറ്റിലെ സ്ഥാനാര്‍ത്ഥിയാണെന്ന് ഓര്‍ക്കണം ഇങ്ങനെ മണ്ടത്തരം പറയുന്നതിന് മുമ്പ് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനത്തില്‍ ഒതുങ്ങിയില്ല, ഒരു വനിതാ ഡോക്ടര്‍ ചീഫ് സെക്രട്ടറിക്ക് പരാതിയും കൊടുത്തു. അതും ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ പ്രതിഭ. അഖില്‍ മാരാറുടെ ഗര്‍ഭ പരാമര്‍ശത്തോടെ, അല്ലെങ്കിലേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണി എന്ന നിലയിലായി ബിജെപി. ഘടകകക്ഷികള്‍ വാരിക്കോരി സീറ്റ് കൊടുത്തതും അവര്‍ അവിടെയെല്ലാം സിനിമാ താരങ്ങളെ പിടിച്ചു നിര്‍ത്തിയതും പാര്‍ട്ടിക്കുള്ളില്‍ കനത്ത വിമര്‍ശനം ഇളക്കിവിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആ സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ തിയറികളുമായി വന്ന് മുന്നണിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നത്.
”ഒരുകാലത്ത് സ്ത്രീകള്‍ വളരെ കൂളായി ചെയ്തിരുന്നതായിരുന്നു പ്രസവം. പണ്ടൊക്കെ തമാശയായി ചിലര്‍ പറയുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് പോയി രണ്ട് കിലോ അരി ഇടിച്ചിട്ട് അവിടെ വച്ചിട്ടുണ്ടെന്ന്. ഇത്രയും നിസാരമായി, സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രോസസിനെ കുറേ ആശുപത്രികള്‍ വന്ന് രക്ഷകര്‍ത്താക്കളെ സമ്മര്‍ദ്ധത്തിലാക്കി അതോടെ ആധി കൂടി ഗര്‍ഭിണിയായാല്‍ തന്നെ തനിക്ക് എന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുക്കുന്നു എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
‘പണ്ട് സ്ത്രീകള്‍ പ്രസവിച്ചിട്ട് നേരെ പോയി അരി ഇടിക്കുമായിരുന്നു’ എന്ന് പറയുന്ന മാരാര്‍, ആ കാലഘട്ടത്തില്‍ പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങള്‍ മൂലവും അണുബാധ മൂലവും മരിച്ചിരുന്ന സ്ത്രീകളുടെ കണക്കുകള്‍ മാത്രം സൗകര്യപൂര്‍വ്വം മറന്നുപോയി. പണ്ട് പാരപ്പറ്റിലിരുന്ന് പ്രസവിച്ചിരുന്നവര് ഇന്ന് സിസേറിയന് ബെഡിലേക്ക് മാറിയത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ‘ബിസിനസ്’ കൊണ്ടാണെന്ന മാരാറുടെ കണ്ടെത്തല്‍ കേട്ട് അന്തംവിട്ടിരിക്കുകയാണ് മെഡിക്കല്‍ ലോകം.
പിന്നാലെ സോഷ്യല്‍ മീഡിയ ഇളകി. നിരവധി പേരാണ് അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തുന്നത്. ഒപ്പം ട്രോളോട് ട്രോളും നിറഞ്ഞു. അതിനടിയില്‍ വന്ന കമന്റുകളില്‍ ചിലത് ഇങ്ങനെ- ‘തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം എന്നാലും പറയുവാ നോ യൂട്രസ്, നോ ഓപ്പീനിയന്‍!, ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവര്ക്കും നിസാരവും തമാശയും ആയിരുന്നു, ഇന്നത് കുറച്ച് മാറി വരുന്നു, അത്രേ ഉള്ളൂ. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും അറിയൂ, എഞ്ചോയ് ചെയ്തെന്ന് പോലും, വിവരക്കേട് അറ്റ് ഇറ്റ്സ് പീക്ക്, ഇങ്ങേര്‍ക്ക് വയ്യേ, താനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനല്ലേ… അന്ന് പ്രസവിച്ച് സ്ത്രീകള്‍ മരിച്ച് പോയാലും നിസാരമായിരിക്കും, എന്റെ ദൈവമേ ഇങ്ങനെ വന്നു മണ്ടത്തരം ഇത്രയും ആത്മവിശ്വാസത്തോടെ പറയുന്നു, ഇയാള്‍ക്ക് ഒരു യൂട്രസ് വെച്ച് കൊടുക്ക്. 4 ചാക്കു നെല്ലും വാങ്ങി കൊടുക്ക് എഞ്ചോയ് ചെയ്യട്ടെ’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ബിഗ് ബോസ് വീട്ടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് പോലെ അത്ര എളുപ്പമാണ് ലേബര്‍ റൂമിലെ കാര്യങ്ങളെന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ കോമഡി. ‘ഗര്‍ഭം ഒരു രോഗമല്ല’ എന്ന് പറയുന്നതും, ‘അത് ആസ്വദിച്ചു ചെയ്യേണ്ട ഒന്നാണ്’ എന്ന് പറയുന്നതും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് അദ്ദേഹത്തിന് മനസിലാകുമോ എന്തോ.
പിന്നീട് ഇത് തിരുത്തി തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് വിശദീകരിച്ച് നീണ്ടൊരു ഫേസ്ബുക്ക് കുറിപ്പുമായി അഖില്‍ മാരാര്‍ വന്നെങ്കിലും അപ്പോഴേക്കും സംഗതി വൈറലായി കഴിഞ്ഞിരുന്നു. താന്‍ തമാശ രൂപേണ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിഷയത്തില്‍ പ്രതികരിച്ച് പ്രമുഖരും രംഗത്തെത്തി. പ്രസവത്തെക്കുറിച്ച് ഇത്ര ആധികാരികമായി പറയാന്‍ അഖില്‍ മാരാര്‍ പ്രസവിച്ചിട്ടുണ്ടോയെന്നായിരുന്നു ഡോ. സൗമ്യ സരിന് ചോദിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റികള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
സ്വന്തം ഭാര്യയുടെ പ്രസവം ആശുപത്രിയില്‍ സുരക്ഷിതമായി നടത്തിയിട്ട് ഇങ്ങനെ പറഞ്ഞാല്‍ അത് കേട്ട് ഒരാളെങ്കിലും അത് പിന്തുടര്ന്ന് അപകടമുണ്ടാക്കിയാല്‍ ആര് ഉത്തരം പറയുമെന്നാണ് ഇതിലെ ഗൗരവകരമായ ചോദ്യം.
വീടുകളിലെ പ്രസവം നിരുത്സാഹപ്പെടുത്താന്‍ നിയമപ്പോരാട്ടം നടത്തുന്നയാള്‍ കൂടിയാണ് പരാതി കൊടുത്ത ഡോ. പ്രതിഭ. ആധുനിക വൈദ്യശാസ്ത്രത്തേയും പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളേയും പരിഹസിക്കുന്ന നിലപാടാണ് ഒരു സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹത്തിന്റേതെന്ന് പരാതിയില്‍ പറയുന്നു. തനിക്കെതിരെ ഈ പരുപാടി പുരോഗമന വാദികളും ഫെമിനിസ്റ്റുകളും തുടങ്ങിയിട്ട് നാള് കുറെ നാളുകളായി എന്നാണ് അഖില്‍ മാരാറുടെ പരിഭവം. താന്‍ എന്‍ഡിഎയുടെ ഭാഗമായതാണ് ഇവരുടെയെല്ലാം പ്രശ്നമെന്ന് പറയുമ്പോള്‍ തന്റെ പരാമര്‍ശങ്ങളിലെ പൊള്ളത്തരങ്ങള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ല എന്ന വസ്തുതയും ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. പ്രസവത്തെ കുറിച്ച് മണ്ടത്തരം പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ എങ്ങനെയാണ് രാഷ്ട്രീയ എതിരാളികളാകുന്നത് എന്ന ചോദ്യം മാത്രം ബാക്കി.
ചുരുക്കത്തില്‍, തൃക്കാക്കരയിലെ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ഇറങ്ങിയ അഖില്‍ മാരാര്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയെ തന്നെ ‘ലേബര്‍ റൂമിലാക്കിയ’ അവസ്ഥയിലാണ്. ഏതായാലും വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഈ ‘പ്രസവ തിയറി’ വന്നത് എന്നതിനാല്‍ ചക്കയ്ക്ക് കുത്തിപ്പോയ വോട്ടര്‍മാരും തലയില്‍ കൈവച്ചിരുന്ന് പോയിക്കാണും. എന്തായാലും മെയ് 4 വരെ കാത്തിരുന്നാല്‍, തൃക്കാക്കരയില്‍ ചക്ക പഴുക്കുമോ അതോ വോട്ടര്‍മാര്‍ മാരാറെ ‘പ്രസവിക്കാതെ തന്നെ ഔട്ടാക്കുമോ’ എന്നറിയാം. അതുവരെ അഖിലിന് സോഷ്യല്‍ മീഡിയയില്‍ നല്ലൊരു ‘സുഖപ്രസവം’ (എയറില്‍) നേരുന്നു!






